---
title: "അസാധാരണ ഉത്തരവ്; കരുവാറ്റ കൊലക്കേസ്, പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ജുവനൈൽ കോടതി "
english_title: "Karuvatta Murder Case Juvenile Court Hands Over Three Minor Accused To Police Custody Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381524/ karuvatta-murder-case-juvenile-court-police-custody-three-minor-accused-alappuzha"
published_at: "2026-09-07T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8669784c9e2_karuvatta-shivakutty-murder-case-police-seek-custody-of-minor-boys.jpg"
keywords: ["Karuvatta Murder Case", "Shivankutty Murder", "Alappuzha Crime", "Murder Case"]
---

# അസാധാരണ ഉത്തരവ്; കരുവാറ്റ കൊലക്കേസ്, പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ജുവനൈൽ കോടതി 

> **Lead Summary:** ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ്‌ നിയമത്തിൽ ഇല്ല എന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.

## Article Content

ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ്‌ നിയമത്തിൽ ഇല്ല എന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.

ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചു, തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്നു മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ. കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.

കുട്ടികളെ ദുരുപയോഗം ചെയ്തു കൊലപാതകം നടത്തിയാൽ, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവർ ആയ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381524/ karuvatta-murder-case-juvenile-court-police-custody-three-minor-accused-alappuzha)